തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തരിശു നിലവും കൃഷിയോഗ്യമാക്കുന്നതിനു സമഗ്രപദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി ടി. സിദ്ദിഖ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കാർഷിക മേഖലയിൽ നിന്ന് യുവത്വം അകന്നുപോയ സാഹചര്യത്തിൽ വിദ്യാർഥികളെ കൃഷിയുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനായി ‘കതിർ’ പദ്ധതി ആരംഭിക്കും. കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ് എന്ന പേരിലുള്ള ഈ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കും. കതിർ ക്ലബ്ബുകൾ, നോഡൽ അധ്യാപകർ, പരിശീലന പരിപാടികൾ, വിത്ത്, വളം, വിദ്യാർഥികൾക്കുള്ള പ്രോത്സാഹന പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന ബൃഹത് പദ്ധതിയാണ് ഇത്.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ഭാവിയിൽ കാർബണ്‍ ക്രെഡിറ്റ്, പ്രത്യേക മാർക്കറ്റിംഗ് സംവിധാനങ്ങൾ എന്നിവയുമായി പദ്ധതിയെ ബന്ധിപ്പിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന 2026-നെ അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരളത്തിൽ അഞ്ചുവർഷം നീണ്ടുനിൽക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയായ ‘കൃഷി സഖി ’ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. വനിതാ കർഷകരെ ഉത്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.